ഇടം

JY Infopark
By JY Infopark July 10, 2019 22:10

ഇടം

ചില സംഭവങ്ങളും വ്യക്തികളും നമ്മുടെ മനസ്സിൽ കാര്യമായി ഇടം പിടിക്കാറുണ്ട്. ചില സംഭവങ്ങളുടെ തീവ്രത അങ്ങനെയാണ്. അത്തരമൊരു ഓർമ്മ പങ്കുവക്കട്ടെ!

കുറേ വർഷങ്ങൾക്കു മുമ്പാണ് ഞാൻ അവളെ കണ്ടു മുട്ടിയത്. പ്ലസ്ടു പഠനം കഴിഞ്ഞു ബി.എസ്.സി. നഴ്‌സിംഗിന് അഡ്മിഷൻ കിട്ടി കോളേജ് ഹോസ്റ്റലിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് അവളുടെ കാലിൽ അസഹ്യമായ വേദന അനുഭവപ്പെട്ടത്. പിന്നെ പരിശോധനകളായി..

പരിശോധനാഫലം ആ കുടുംബത്തെ തളർത്തി. അവൾക്കു ബോൺ കാൻസറാണ്! അതും ചികിത്സിച്ചു ഭേദമാക്കാവുന്ന സ്ഥിതി പിന്നിട്ട നിലയിലെത്തിയിരുന്നു. കണ്ണുനീരിന്റെ നാളുകൾ. ജീവൻ പിടിച്ചു നിറുത്താനായി ഡോക്ടർമാർ പരിശ്രമിച്ചു. അതിന്റെ ഭാഗമെന്നോണം അവളുടെ കാൽ മുറിച്ചു നീക്കി. ധ്രുത വേഗത്തിൽ പാഞ്ഞു കൊണ്ടിരുന്ന കാൻസറിന്റെ അണുക്കൾ അവളെ കീഴ്‌പ്പെടുത്തി. വൈദ്യശാസ്ത്രം തീർത്തും കൈവിട്ടു. ഒന്നും ചെയ്യാനില്ല. പിന്നീട് മരണം കാത്തുള്ള ദിനങ്ങളായിരുന്നു.

അത്തരമൊരു ദിവസത്തിലാണ് അവളെ കാണാൻ എനിക്കു നിയോഗം കിട്ടിയത്. വെറുതെ കണ്ടാൽ മാത്രം പോരാ, അവളോടു സംസാരിക്കണം; അതു എഴുതണം. അവളെ കാണുന്നതിന്റെ തലേന്നു മുതൽ എനിക്കു നെഞ്ചിടിപ്പു കൂടി. എങ്ങനെ ആയിരിക്കും ആ കണ്ടുമുട്ടൽ, അവൾ സംസാരിക്കുമോ? കാര്യങ്ങൾ ചോദിച്ചറിയാനാവുമോ? ഉൽക്കണ്ഠ നിറഞ്ഞ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉരുണ്ടുകൂടി.

അടുത്ത ദിവസം രാവിലെ പത്തു മണി കഴിഞ്ഞപ്പൊൾ ഞാൻ അവളുടെ മുറിക്കരികിലെത്തി. വാതിൽ തുറക്കപ്പെട്ടു. അകത്തേക്കു കയറിയ ഞാൻ ഒന്നു ഞെട്ടി. കാരണം എന്റെ   പ്രതീക്ഷകളെ, ധാരണകളെ തെറ്റിച്ചുകൊണ്ട് നിറഞ്ഞ ചിരിയോടെ കട്ടിലിൽ അൽപം  തലയുയർത്തി അവൾ കിടക്കുന്നു.

അവളുടെ ചിരി എന്നെ തണുപ്പിച്ചു. മരണത്തിന്റെ നിഴലിലും അവൾക്കുണ്ടായ പ്രത്യാശ. ഈയവസ്ഥയെ പഴിക്കാതെ സ്വീകരിക്കാൻ അവൾ ഒരുങ്ങിക്കഴിഞ്ഞിരുന്നു. നിത്യവെട്ടത്തിന്റെ കിരണങ്ങൾ അവളുടെ ഹൃദയത്തെ കീഴടക്കിയിരുന്നു.

ഏകദേശം  ഒരു മണിക്കൂറോളം അവൾക്കൊപ്പം ചെലവിട്ടു. പോരും മുമ്പ് ഞാനവളുടെ മുടിയിഴകളിൽ തലോടി.. പുറത്തേക്കിറങ്ങും മുമ്പ് ഞാൻ ഒന്നു കൂടി അവളുടെ മുഖത്തേക്കു നോക്കി. മരണത്തിന്റെ നനുത്ത സ്പർശത്തെ പുറം കൈ കൊണ്ട് തട്ടിയെറിഞ്ഞു അവൾ പിന്നെയും ചിരിച്ചു! ജിൻസി എന്ന മിടുക്കി!

ഒരാഴ്ചക്കുള്ളിൽ അവൾ നിത്യസമ്മാനത്തിനായി യാത്രയായി. നിശ്ചലമായ അവളുടെ ശരീരത്തിൽ നിന്നും വിട്ടകലാതെ നിന്നു ആ മുഖത്തെ പുഞ്ചിരി. എങ്ങനെ ഇങ്ങനെയാകാൻ സാധിക്കും. മനുഷ്യർക്ക് ഇത് അസാധ്യമാണ്. ക്രിസ്തു കൂടെയുള്ളവർക്കേ ജീവിത പ്രതിസന്ധികളെ ധീരമായി നേരിടാൻ സാധിക്കൂ എന്ന ഓർമ്മപ്പെടുത്തലായിരുന്നു അവൾ എനിക്കു തന്നത്.

ബിഷപ് ഫുൾട്ടൻ ജെ. ഷീൻ പറയുന്നതിങ്ങനെയാണ് “ഒരു വ്യക്തിയുടെ ജീവിതത്തിലെ ദുഃഖത്തിനും നിരാശക്കും കാരണം അവനു ജോലിയില്ലാത്തതോ, വീടില്ലാത്തതോ, രോഗമോ, പട്ടിണിയോ, കടബാധ്യതയോ, തകർച്ചയോ ഒന്നുമല്ല. അവന്റെ ജീവിതത്തിൽ ക്രിസ്തുവിനു കൊടുക്കേണ്ട ഇടം കൊടുക്കാത്തതാണ്.” ക്രിസ്തുവിനായി കൊടുക്കേണ്ട ഇടം കൊടുക്കുന്നവരെ ദുഖവും നിരാശയും കീഴ്പ്പെടുത്തില്ല.

ക്രിസ്തുവിനു കൊടുക്കേണ്ട ഇടം കൊടുക്കാനായോ? “ഇതാ ഞാൻ വാതിലിൽ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്കു വരും. ഞങ്ങൾ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും.” [വെളി – 3:20]. ക്രിസ്തുവിനെ സ്നേഹിക്കുന്നു, അനുഗമിക്കുന്നു എന്നു നാം വിചാരിക്കുന്നു. അവനായി എത്രമാത്രം ഇടം എനിക്കു കൊടുക്കാനായി?

എന്റെ അവിശ്വാസത്തിലേക്ക്, ഭയത്തിലേക്ക്, ആകുലതയിലേക്ക്, അഹങ്കാരത്തിലേക്ക്, ഉത്കണ്ഠയിലേക്ക്, സ്വാർത്ഥതയിലേക്ക്,  മോഹങ്ങളിലേക്ക്, വഴിവിട്ട ശീലങ്ങളിലേക്ക്, അഡിക്ഷൻസിലേക്കു അവൻ വരട്ടെ.. ഇടം നൽകാം മടി കൂടാതെ!

Alice Mathew

JY Infopark
By JY Infopark July 10, 2019 22:10
Write a comment

No Comments

No Comments Yet!

Let me tell You a sad story ! There are no comments yet, but You can be first one to comment this article.

Write a comment
View comments

Write a comment

<