കർത്താവിന് നന്ദി പറയുവിൻ അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണ്

JY Infopark
By JY Infopark September 23, 2019 19:32

കർത്താവിന് നന്ദി പറയുവിൻ അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണ്

കർത്താവിന് നന്ദി പറയുവിൻ അവിടുന്ന് നല്ലവനാണ്, അവിടുത്തെ കാരുണ്യം അനന്തമാണ് (സങ്കീ 136:1)

ദൈവത്തിൻറെ കാരുണ്യം കൊണ്ട് ഈ ലോകം മുഴുവൻ നിറഞ്ഞിരിക്കുന്നു. ദൈവത്തിന്റെ വലിയ കാരുണ്യം അനുഭവിക്കാൻ ഇടയാക്കിയ ഒരു സംഭവം , കുറച്ചു മാസങ്ങൾക്കു മുൻപ് കൈയ്യുടെ തോളിൽ ചെറിയ വേദന അനുഭവപ്പെട്ട്‌ ഡോക്ടറെ കണ്ടപ്പോൾ ആയുർവേദ ഹോസ്പിറ്റലിൽ അഡ്മിറ്റായി ചികിൽസിക്കണം എന്ന് പറഞ്ഞു . ജീവിതത്തിൽ ആദ്യത്തെ അനുഭവം ആശുപത്രിയിൽ അഡ്മിറ്റാകുന്നത് . ഒരു ആകാംഷ ഉണ്ടായിരുന്നു. ആശുപത്രിയുടെ തൊട്ടടുത്ത് ഒരു ദേവാലയം ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ ആശുപത്രിയിൽ അഡ്മിറ്റായത്, എല്ലാ ദിവസവും സന്ദർശനം നടത്താലോ.വി.കുർബാന മുടങ്ങാതെ സ്വീകരിക്കണം എന്ന് ഉറപ്പിച്ചു. ആദ്യ ദിവസം ചെന്നപ്പോൾ എന്റെ ചികിത്സയുടെ സമയം അതിരാവിലെ ആരംഭിക്കും, അതുകൊണ്ടു വി.കുർബാനക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന് മനസ്സിലായി.

കായിക രംഗത്ത് മത്സരിക്കുന്ന ചെറുപ്പക്കാർ ഒത്തിരിപേരെ ആശുപത്രിയിൽ കാണാൻ ഇടയായി, അവർ പുറത്തു ഷോപ്പിംഗിനു പോകുന്നു,അമ്പലത്തിൽ പോകുന്നു എന്നൊക്കെ മനസ്സിലായി, ആദ്യ ദിവസം വൈകീട്ട് ക്യാന്റീനിലേക്കു ഭക്ഷണം കഴിക്കാൻ ഇറങ്ങി. ഞാൻ വൈകീട്ട് 7 മണിക്ക് കുർബാനയുള്ള പള്ളിയിലേക്ക് ഓട്ടോറിക്ഷ വിളിച്ചു പങ്കെടുക്കാൻ പോയി; കുർബാന കഴിഞ്ഞു തിരിച്ചു വന്ന്‌ കഞ്ഞി കുടിച്ചു എന്റെ ബെഡിലേക്കു തിരിച്ചെത്തി. ഈ പതിവ് എല്ലാ ദിവസവും തുടർന്ന് പോന്നു. തൊട്ടടുത്ത് ഉള്ളവർക്ക് മനസ്സിലായി ഞാൻ വി.കുർബാനക്കാണ് വൈകീട്ട് പോകുന്നതെന്ന്, ഞാൻ വളരെ അടുത്ത് കിടക്കുന്നവരോട് സൂചിപ്പിച്ചു. രാത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നേഴ്സ് രാത്രി 7.30 ന് ശേഷമാണ് രോഗികളെ കാണാനും മരുന്ന് തരാനും വന്നിരുന്നത്, പുതിയ ഡ്യൂട്ടി നേഴ്സ് പതിവിലും നേരത്തെ എല്ലാ രോഗികളെയും നേരിൽ കാണാനും രോഗവിവരം അന്വേഷിക്കാനും, മരുന്ന് തരാനും എത്തുമായിരുന്നു, എന്നെ അന്വേഷിക്കുമ്പോൾ അടുത്തുള്ളവർ മറുപടി പറഞ്ഞിരുന്നു – ഭക്ഷണം കഴിക്കാൻ പോയതാണ്, താഴെമെഡിക്കൽ ഷോപ്പിലേക്ക് പോയതാണ് എന്നൊക്കെ. ഒരു ദിവസം വി.കുർബാനക്ക് ഞാൻ എത്തി ദേവാലയത്തിന്റെ ഏറ്റവും പുറകിൽ ചാരി നിൽക്കുകയായിരുന്നു – തൈലത്തിന്റെയും എണ്ണയുടെയും മണം മറ്റുള്ളവർക്ക് മനസ്സിലാവാതിരിക്കാനായിരുന്നു. എന്റെ മുന്നിലൂടെ
ഒരു സ്ത്രീ കടന്നു പോയി എന്നെ നോക്കി ചിരിച്ചു എന്നിട്ടു അടുത്തുവന്ന് ചോദിച്ചു ഡിസ്ചാർജ് ചെയ്തോ എന്ന്. ഞാൻ ഇല്ല എന്ന് മറുപടി പറഞ്ഞു. ഞാൻ എവിടെയോ കണ്ടിട്ടുള്ള മുഖമാണല്ലോ ?എനിക്ക് ആ സമയത്തു മനസ്സിലായി രാവിലെ ഡോക്ടറുടെ കൂടെ വന്നിരുന്ന നഴ്സ് ആയിരുന്നു എന്തായാലും ആശുപത്രിയിൽ ഇത് അറിയും എന്ന് മനസ്സിലായി.

വി.കുർബാന കഴിഞ്ഞു ആശുപത്രിയിൽ തിരിച്ചു വന്നപ്പോൾ കൂടെയുള്ളവർ പറഞ്ഞു നഴ്‌സ്‌ വന്നു വീണ്ടും അന്വേഷിച്ചു എന്ന്. പിറ്റേന്ന് അതിരാവിലെ നഴ്‌സ്‌ എന്നെ കാണാൻ വന്നു എവിടേക്കാണ് പോയതെന്ന് ചോദിച്ചു.പള്ളിയിലേക്ക് പോയതാണെന്ന് ഞാൻ മറുപടി പറഞ്ഞു . അത് കഴിഞ്ഞു ക്യാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടാണ് വരുന്നതെന്ന് പറഞ്ഞു. അനുവാദമില്ലാതെ പുറത്തു പോകുന്നു എന്ന് പറഞ്ഞു കുറച്ചു ശാസന തന്നു. എല്ലാം തീർന്നു എന്നാണു വിചാരിച്ചത്. കാലത്തു ഡോക്ടർ ആദ്യം എന്റെ അടുത്തേക്കാണ് വന്നത്. വളരെ ശാന്തനായി പെരുമാറിയിരുന്ന ഡോക്ടർ വളരെ ഉറക്കെ ചോദിച്ചു ഇവിടെനിന്നു രാത്രി ചാടി പോകുന്നുണ്ട് എന്ന് കേട്ടല്ലോ എന്ന് . ഞാൻ പറഞ്ഞു അടുത്തുള്ള പള്ളി വരെ ഒന്ന് പോയതാണെന്ന് . ഇവിടെ വന്നത് പ്രാർത്ഥിക്കാനും പള്ളിയിൽ പോകാനും ആണെങ്കിൽ വീട്ടിലേക്കു തിരിച്ചു പൊക്കൊളു , ഇനിയിത് ആവർത്തിച്ചാൽ ഡിസ്ചാർജ് ചെയ്യും പിന്നെ ഒരിക്കലും ഇവിടെനിന്നു ചികിത്സ തരില്ല എന്നൊക്കെ പറഞ്ഞു. ഇനിയിത് ആവർത്തിക്കില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. കായിക മേഖലയിൽ ഉള്ളവർ പുറത്തു പോകുന്നുണ്ടല്ലോ , ഞാൻ വളരെ പെട്ടെന്ന് വരുന്നുണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു. സ്പോർട്സ് ക്വോട്ടയിൽ ചികിത്സക്ക് വരുന്നവർ വേറെ വിഭാഗമാണ് , അവർ ഈ ആശുപത്രിയുടെ നിയമത്തിനു വിധേയരല്ല എന്ന് മറുപടി പറഞ്ഞു. എന്തായാലും ഈ ഒറ്റ ദിവസം കൊണ്ട് എല്ലാവരും ചോദിച്ചു എന്തിനാണ് വഴക്കു കേട്ടത്? എല്ലാവരും അറിഞ്ഞു നാണക്കേടായി, മനസ്സിൽ വലിയ വിഷമവും . ആളുകളുടെ പരിഹാസങ്ങൾ ഒക്കെ കൊണ്ട് സങ്കടം തോന്നി. ഇനി വി.കുർബാന സ്വീകരിക്കാൻ എങ്ങിനെ സാധിക്കും ,പരിചയമുള്ള വൈദീകരെ ആരെയെങ്കിലും വിളിച്ചു ചോദിക്കാം എന്ന് ചിന്തിച്ചു . ദൈവം എന്തായാലും കൂടെയുണ്ട് അസാധ്യമായ ഈ കാര്യം ദൈവം നടത്തും എന്ന് വലിയൊരു ഉൾക്കാഴ്ച ലഭിച്ചു .

പരിചയമുള്ള വൈദീകർ ദൂരെസ്ഥലങ്ങളിൽ സേവനം ചെയ്യുന്നതുകൊണ്ട് എങ്ങനെ ദിവ്യകാരുണ്യം സ്വീകരിക്കും എന്ന ചിന്ത ആകുലപ്പെടുത്തിക്കൊണ്ടിരുന്നു.എനിക്ക് സാധിക്കുന്ന വിധത്തിൽ പലരോടു ഞാൻ ചോദിച്ചു ദിവസവും വി.കുർബാന കൊണ്ടുവരാൻ സന്നദ്ധതയുള്ള വൈദികരെ ഒന്ന് ഏർപ്പാടാക്കി തരുമോ എന്ന്. പക്ഷെ ഒന്നും നടന്നില്ല, സാങ്കേതികമായ ഒരു പ്രശ്നം ചികിത്സ എപ്പോഴാണ് തുടങ്ങുക അവസാനിക്കുക എന്ന് പറയാൻ സാധിക്കില്ല. ഇനി വൈദീകർ ആരെങ്കിലും വരുന്നുവെങ്കിൽ ഞാൻ എണ്ണ തോണിയിൽ കിടത്തി കിഴി ചെയ്യുന്ന ചികിത്സയിലായിരിക്കും.അവസാനം ഞാൻ ഇടവകയിലെ കൊച്ചച്ചനോട് എന്റെ അവസ്ഥ പറഞ്ഞു.ഡേവിഡ് നെറ്റിക്കാടൻ അച്ഛൻ എനിക്ക് വി.കുർബാന കൊണ്ടുവരാമെന്നു സമ്മതിച്ചു.ജീസസ് യൂത്ത് മുന്നേറ്റത്തെ അടുത്തറിയുന്നതും വ്യക്തിപരമായി വൈദീകൻ ആകുന്നതിനു മുൻപ് എഞ്ചിനീയറിംഗ് പഠിക്കുന്ന കോളേജിൽ ജീസസ് യൂത്തിൽ പ്രവർത്തിച്ചതുകൊണ്ടു അച്ചൻ ജീസസ് യൂത്തിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയായിരുന്നു. വൈകീട്ട് അച്ചൻ വി.കുർബാന കൊണ്ട് വന്നു രാത്രിയിൽ ആയിരുന്നത് കൊണ്ട് പ്രത്യേകിച്ച് ആരും ശ്രദ്ധിച്ചില്ല. പിറ്റേ ദിവസം രാവിലെ വൈദീകൻ ഹോസ്പിറ്റലിൽ വരുന്ന സമയത്തു ഡോക്‌ടേഴ്‌സ് രോഗികളെ കാണുന്ന സമയം, തിരക്ക് നിറഞ്ഞ അവസ്ഥ. വെള്ള ഉടുപ്പ് ധരിച്ചു അച്ചൻ കടന്നു വരുന്നു, ഞാൻ എഴുന്നേറ്റു നിന്നു വി.കുർബാന സ്വീകരിച്ചു,അവിടെ ഉണ്ടായിരുന്നവരെല്ലാം ഭയഭക്തി ബഹുമാനത്തോടെ എഴുന്നേറ്റു നിൽക്കുന്നു. ചികിൽസിക്കുന്ന ഡോക്ടർ, നേഴ്‌സുമാർ ഇവരൊക്കെ ആ സമയം അവിടെയുണ്ട്, ചില ദിവസങ്ങളിൽ അടിച്ചു വാരി വൃത്തിയാക്കാൻ വരുന്ന മുസ്ലിം ചേച്ചി വി.കുർബാന കൊണ്ടുവരുന്ന സമയത്തു ചൂൽ മാറ്റിവച്ചു വൈദീകൻ പോകുന്നതുവരെ കൈ കൂപ്പി നിൽക്കുന്നു. എല്ലാ ദിവസവും വി.കുർബാന സ്വീകരിക്കാൻ എനിക്ക് അവസരം കിട്ടുമായിരുന്നു.

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു വ്യക്തി എന്നോട് ചോദിച്ചു , മോനെ മരിക്കാൻ കിടക്കുന്നവരല്ലേ ഇങ്ങനെ കുർബാന സ്വീകരിക്കാവൂ നിന്നെ കണ്ടിട്ട് അതിനുള്ള സമയമായില്ലല്ലോ എന്ന് 🙂 , ഞാൻ പറഞ്ഞു ചേട്ടാ വി.കുബാന പുറത്തുപോയി സ്വീകരിക്കാൻ പറ്റാത്തത് കൊണ്ടാണ് വൈദീകൻ ഇങ്ങോട്ടു കൊണ്ടുവരുന്നത്‌ ഈശോയെ എല്ലാ ദിവസവും സ്വീകരിക്കേണ്ടതാണ്, മരിക്കാൻ കിടക്കുമ്പോൾ മാത്രം സ്വീകരിക്കേണ്ടതല്ല. ഒന്ന് രണ്ട് പേർ എന്നോട് പറഞ്ഞു അവർക്കൊന്നു കുമ്പസാരിക്കാൻ ആഗ്രഹമുണ്ടെന്ന്, കുറച്ചു നാളുകളായി കുമ്പസാരിച്ചിട്ട്, ജീവിതത്തിൽ ഇത് വരെ ഒന്ന് കുമ്പസാരിക്കാൻ അറിയാത്ത വ്യക്തികൾ, എത്ര രൂപ കൊടുത്താൽ ആണ് ഇങ്ങനെ കുർബാനക്ക് കൊണ്ടുവരുന്നത്? ഞാൻ പറഞ്ഞു ഒരു പൈസ പോലും കൊടുക്കാതെയാണ് വൈദികൻ വരുന്നതെന്ന്. പ്രാർത്ഥിക്കാൻ പുസ്തകം വേണമെന്നൊക്കെ ആളുകൾ പറയുവാൻ തുടങ്ങി. ഞായറാഴ്ച ഇടവകയിലെ തിരക്കുകൾക്കിടയിലും വി.കുർബാന അച്ഛൻ കൊണ്ടുവന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ എല്ലാവരുടെയും മുമ്പിൽ വലിയൊരു സ്വാധീനം, രാത്രിയാകുമ്പോൾ 7 മണിയായി എന്തേ പള്ളിയിൽ പോണില്ല എന്ന് ചോദിച്ചിരുന്ന നേഴ്സുമാരും അന്തേവാസികളും അച്ചൻ കടന്നു വരുമ്പോൾ അവരുടെ ഭക്തി ഞാൻ കാണാറുണ്ട്.

ഈശോയെ എന്റെ നാവിൽ സ്വീകരിക്കുമ്പോൾ അത് കണ്ടു മറ്റുള്ളവരുടെ വിശ്വാസം വർദ്ധിക്കാൻ ഇടയാക്കിയത് ഓർക്കുന്നു. ഞാൻ ഒരിക്കലും മനസ്സിൽ പോലും ചിന്തിച്ചിട്ടില്ല എനിക്ക് വേണ്ടി ഒരു വൈദികൻ എല്ലാ ദിവസവും വി.കുർബാന കൊണ്ട് വരുമെന്ന്. ആ സമയത്ത് ദിവൃകാരുണ്യം സ്വീകരിക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ അനുഭവിച്ച ഒരു സംഘർഷം. ദൈവം തന്റെ കാരുണ്യം ഒരിക്കലും അവസാനിപ്പിക്കില്ല.കാരുണ്യത്തിന്റെ മാലാഖ പോലെ വൈദീകനിലൂടെ ദൈവത്തിന്റെ കാരുണ്യം അനുഭവിക്കാൻ സാധിച്ചു. കാരുണ്യത്തിന്റെ മാലാഖമാരാകാൻ, അത് സ്വീകരിക്കാൻ മാത്രമല്ല മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ദൈവം നമുക്ക് ശക്തി തരുന്നുണ്ട്. നമ്മുടെ വിശ്വാസം പ്രഘോഷിക്കുന്ന, കൈമാറ്റം ചെയ്യപ്പെടുന്ന ഇടങ്ങളാക്കിയും കാരുണ്യത്തിന്റെ മാലാഖാമാരാവാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. ദൈവം വസിക്കുന്ന ഹൃദയത്തിൽ എന്നും വസന്തമാണ്.

Sinjo PK

JY Infopark
By JY Infopark September 23, 2019 19:32
Write a comment

1 Comment

  1. അഞ്ജു November 21, 13:35

    Eshoye sweekarikan kothiyavunu… Touching blog… God bless 😇

    Reply to this comment
View comments

Write a comment

<