സ്നേഹിച്ചു തോല്പിച്ചവൻ

JY Infopark
By JY Infopark December 9, 2019 23:55

സ്നേഹിച്ചു തോല്പിച്ചവൻ

“നമ്മെ ജീവിപ്പിക്കുന്ന നമ്മുടെ കർത്താവീശോമിശിഹായുടെ കൃപാവരം അവിടുത്തെ കാരുണ്യത്താൽ നാമെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.”

“എപ്പോഴും എന്നേക്കും ആമേൻ.”

“സഹോദരരേ മിശിഹായുടെ ശരീരം സ്വീകരിക്കുവാനും അവിടുത്തെ രക്തം പാനം ചെയ്യുവാനും തിരുസഭ നിങ്ങളെ ക്ഷണിക്കുന്നു.”

“മിശിഹായുടെ ശരീരവും രക്തവും കടങ്ങളുടെ പൊറുതിക്കും നിത്യജീവനും കാരണമാകട്ടെ”.

“എന്നേക്കും ആമേൻ.”

‘ദിവ്യകാരുണ്യമേ ദൈവമേ… ദിവകരുണ്യമേ സ്നേഹമേ…’

“സ്നേഹിച്ചിട്ടുണ്ടോ നീ?”

“അതെന്തോന്ന് ചോദ്യമാടോ? എത്ര പേരെ സ്നേഹിച്ചിട്ടുണ്ടെന്നു ചോദിക്ക്.. 10-ആം ക്ലാസ്സിൽ പഠിക്കുമ്പോ മരിയ, കോളേജിൽ സെക്കൻഡ് ഇയർ പഠിക്കുമ്പോ ദീപ്തി, അവൾ തെച്ചിട്ടു പോയല്ലോ…”

“ആ…മതി മതി നിർത്ത് … ചുമ്മാ രസത്തിനു വേണ്ടി ചോദിച്ചതല്ല… ജീവന് തുല്യം.. അല്ല.. ജീവനേക്കാളുമപ്പുറം, ജീവൻ കൊടുത്ത് ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടോ നീ?”

“ജീവൻ കൊടുത്താൽ പിന്നെ സ്നേഹിക്കാൻ പറ്റുവോ? ജീവൻ പോയാൽ തീർന്നില്ലേ സ്നേഹമൊക്കെ? ജീവൻ പോയാൽ പിന്നെ….”

“എന്താ നിർത്തിക്കളഞ്ഞത്? ബാക്കി കൂടി പറയൂ.. അല്ലെങ്കി വേണ്ട ഞാൻ തന്നെ ബാക്കി പറയാം.. ജീവൻ പോയാൽ പിന്നെ കുറച്ചു സ്നേഹിച്ചവരൊക്കെ ആദ്യം പിരിഞ്ഞു പോകും. പിന്നെ കുറച്ചൂടെ സ്നേഹിച്ചവർ പിരിഞ്ഞു പോകും. പിന്നെ അതിനേക്കാൾ അധികം സ്നേഹിച്ചവർ പിരിഞ്ഞു പോകും. അവസാനം രണ്ട് പേര് ബാക്കി കാണും, അമ്മയും, താൻ സ്നേഹിച്ച ശിഷ്യനും….അല്ലേ? അതുകഴിഞ്ഞ് ആരെയും അടക്കിയിട്ടില്ലത്ത പുതിയ കല്ലറയിൽ തനിച്ച്…എന്താ ശെരിയല്ലേ..?”

“അതെ ശെരിയാണ്.. അപ്പൊ ജീവൻ കൊടുത്ത് സ്നേഹിച്ചാൽ പിന്നെ സ്നേഹമുണ്ടോ? അതിനുമപ്പുറം?”

“നീ ബാക്കി പാട്ടും കൂടി കേൾക്ക്.”

‘സ്നേഹമെന്ന വാക്കിന്നർത്ഥം ഭൂമിയിൽ

ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ

സ്നേഹം സഹനമാണെന്നു ഞാനറിയുന്നു

സ്നേഹം മരണമാണെന്നു ഞാൻ കാണുന്നു

സ്‌നേഹം ബലിയായ് തീരുന്നു

ചങ്കും ചോരയുമേകുന്നു

സ്നേഹം കുരിശിൽ പൂർണമാകുന്നു

സ്നേഹം കുർബ്ബാനയായ്‌ മാറുന്നു…’

“എന്തു തോന്നുന്നു നിനക്ക്? സ്‌നേഹം അവസാനിക്കുന്നുണ്ടോ?”

“ഉണ്ടോ? അറിയില്ല.”

“ഈ ലോകവും സർവ്വപ്രപഞ്ചവും സൃഷ്ടിച്ച ദൈവത്തിന്, തന്റെ സൃഷ്ടികളിൽ ഒന്നു മാത്രമായ മനുഷ്യന്റെ നാവിൻ തുമ്പിൽ ചെറിയൊരു അപ്പക്കഷ്ണമായും വീഞ്ഞിൻ തുള്ളിയായും മാറി, അവന്റെ നാവിൻ തുമ്പിലെ വെള്ളതുള്ളികളോടൊപ്പം അലിഞ്ഞില്ലാതെയായി അവന്റെ ശരീരത്തോട് ചേർന്ന് ലയിക്കുവാൻ സാധിക്കുന്നുണ്ടെങ്കിൽ, നീ പറയൂ സ്നേഹം അവസാനിക്കുന്നുണ്ടോ?”

“ഇല്ല.”

“തന്റെ സകല സമ്പത്തും നശിപ്പിച്ച്, തന്നെ ധിക്കരിച്ച് ദൂരേക്ക് പോയ മകൻ, എല്ലാം നഷ്ടപ്പെടുത്തി ഒന്നുമില്ലാതെ മടങ്ങി വരുമ്പോഴും അവനെ ദൂരെ നിന്ന് കണ്ട് ഓടിച്ചെന്ന് വാരിപ്പുണർന്ന പിതാവിനേപ്പോലെ, നീ ഓരോ തവണ വരുമ്പോഴും അകലെ നിന്ന് കാണുമ്പോഴേ നീ അതുവരെ ചെയ്ത തെറ്റുകളെല്ലാം കഴുകി നിർമലമാക്കി നിന്നെ വാരിപ്പുണർന്ന് നിന്നെ ചുംബിക്കുവാൻ കാത്തു നിൽക്കുന്നുണ്ടെങ്കിൽ നീ പറയൂ സ്നേഹം അവസാനിക്കുന്നുണ്ടോ?”

“ഇല്ല കർത്താവേ…”

“കോഴി കൂവുന്നതിനു മുമ്പേ മൂന്നല്ല മൂവായിരം തവണ തള്ളി പറഞ്ഞപ്പോഴും, ദിവസത്തിലെ ഓരോ മണിക്കൂറിലും ഓരോ മിനിറ്റിലും ഓരോ നിമിഷത്തിലും ‘ഈ മനുഷ്യനെ ഞാൻ അറിയില്ല’ എന്ന് ആണയിട്ടപ്പോഴും ഇപ്പോൾ ഈ നിമിഷം വരെ എന്റെ മുഖത്ത് പോലും നോക്കാതെ അശ്രദ്ധമായി നിന്നപ്പോഴും, ഏറ്റവും ഒടുവിൽ നാവുനീട്ടി സ്വീകരിക്കുമ്പോഴും ഒരു വാക്കു പോലും മറുത്തുച്ചരിക്കാതെ നിന്റെ ഉള്ളിൽ വസിക്കാൻ വരുന്നുണ്ടെങ്കിൽ നീ പറയൂ, സ്നേഹം അവസാനിക്കുന്നുണ്ടോ?”

“എന്റെ കർത്താവേ… എന്റെ ദൈവമേ..”

‘സ്നേഹം കുരിശിൽ പൂർണമാകുന്നു

സ്നേഹം കുർബ്ബാനയായ്‌ മാറുന്നു…’

അവനു സ്നേഹം തലക്കു പിടിച്ച് പ്രാന്തായതാണ്. അല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ, ജീവൻ പോലും ദാനമായ് തന്നിട്ട് ഒടുക്കം ഒരു കാറ്റു പിടിച്ചാൽ പോലും പറന്നു പോകുന്ന വെറും ഒരു അപ്പക്കഷ്ണമായി, തന്നെ ഒരു നിമിഷം പോലും സ്നേഹിക്കാൻ സമയമില്ലാത്തവരുടെ ഉള്ളിലേക്ക് ഇറങ്ങി വരണമെങ്കിൽ, നല്ല പെരുത്ത പിരാന്ത് തന്നെയാവണം. എത്ര തവണ ഞാനും നിങ്ങളുമൊക്കെ ‘എന്നെ ആരും സ്നേഹിക്കാനില്ല’ എന്നോർത്ത് വിഷമിച്ചിട്ടുണ്ട്? ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്? ഓരോ തവണയും വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന ആ നിമിഷമെങ്കിലും അവൻ സ്നേഹിച്ചതിന്റെ ആഴവും വീതിയും പരപ്പും മനസിലാക്കാൻ സാധിച്ചാൽ അതിൽ കൂടുതൽ ആനന്ദിക്കാൻ മറ്റെന്തു വേണം? ലഹരി പിടിപ്പിക്കുന്ന ആ സ്നേഹം, നാവിൽ സ്വീകരിക്കുന്ന ആ നിമിഷമെങ്കിലും നമ്മെ ഉത്തേജിപ്പിച്ചാൽ ആ ദിവസം മനോഹരമായിരിക്കാൻ മറ്റെന്തു വേണം? ഓരോ വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന സമയത്തും നമ്മുടെ അശുദ്ധി നിറഞ്ഞ ഹൃദയം അവന്റെ സ്നേഹത്തിലേക്ക് ആകർഷിക്കപ്പെടാറില്ലേ? അതിന് അവൻ ഇടവരുത്താറില്ലേ? എന്നിട്ടും എന്നിട്ടും എന്തേ ഞാനും നിങ്ങളും മടി കാണിക്കുന്നു, ദിവസവും ആ സ്നേഹം തിരിച്ചറിയുവാൻ, മതിവരാതെ അനുഭവിക്കുവാൻ?

ഈ അടുത്ത് കണ്ട ‘പോറിഞ്ചു മറിയം ജോസ് ‘ എന്ന ഫിലിം ലെ ഒരു സീൻ ഓർമ വരുന്നു. എതിരാളിയുടെ കുത്തുകൊണ്ട് പിടഞ്ഞു വീണ ജോസ് അവസാന നിമിഷം പൊറിഞ്ചുവിന്റെ കയ്യിൽ കിടന്നു മരിക്കുമ്പോൾ പറയുന്ന ഒരു വാക്യമുണ്ട്. “പൊറിഞ്ചുവേ നീ ജീവിക്കണം ട്ടാ.. ഈ തൃശൂർ അങ്ങാടിയിൽ ഇനിയും കുറേ കാലം ജീവിക്കണം ട്ടാ…” അങ്ങനെ പറഞ്ഞുകൊണ്ട് ജോസ് മരിച്ചു വീഴുന്നു. കണ്ടുകൊണ്ടിരുന്ന എന്നെ ഒരു വേളയിലെങ്കിലും കണ്ണീരണിയിച്ച രംഗമായിരുന്നു അത്. പിറ്റേന്ന് വിശുദ്ധ കുർബ്ബാന അനുഭവിച്ചപ്പോഴും ഇതേ സ്വരം ഞാൻ കേട്ടു. എനിക്കും നിനക്കും വേണ്ടി ശത്രുക്കളുടെ കൈകളിൽ നിന്നും മരണം വരിച്ചവൻ അപ്പമായി വന്ന് ചെവിയിൽ പറയുകയാണ് “നീ ജീവിച്ചേക്കണം ട്ടാ… എനിക്ക് വേണ്ടി”. ആ സിനിമയിലെ രംഗം കണ്ടപ്പോൾ അവരുടെ സൗഹൃദത്തിന്റെ തീവ്രത എന്നെ കണ്ണീരണിയിച്ചു എങ്കിൽ, ഓരോ ദിവസവും ഇതേ രംഗം കൂടുതൽ തീക്ഷണതയോടെ അനുഭവവേദ്യമാകുന്ന വിശുദ്ധ ബലിയിൽ എന്തേ നിന്റെ മിഴികൾ ഈറനണിയുന്നില്ല? ഒറ്റ ഉത്തരമേയുള്ളൂ. ഈ ലോകത്തിലെ ഏറ്റവും വലിയ സ്നേഹം കാണാത്തതുപോലെ ഞാനും നിങ്ങളും മിഴികൾ കൊട്ടിയടക്കുകയാണ്.

“ഉളുപ്പ് ഉണ്ടോ ചങ്ങായിയേ അനക്ക് ഇങ്ങനെ ഒക്കെ ന്നെ സ്നേഹിക്കാൻ? ഞങ്ങൾ ഒക്കെ സ്നേഹത്തിനു വേണ്ടി മത്സരിച്ചു ജയിച്ചു വന്നു നിൽക്കുമ്പോൾ ഓരോ ദിവസവും നീ ഞങ്ങളുടെ മുമ്പിൽ തോറ്റു തന്ന് സ്നേഹിക്കുവല്ലേ? എങ്ങനെയാടോ അനക്ക് ഇതുപോലെ ഞങ്ങളെ സ്നേഹിക്കാൻ പറ്റുന്നെ?”

മറുപടിയൊന്നും പറയാതെ അവൻ പുഞ്ചിരിച്ചു കൊണ്ട് നിന്നു. സ്നേഹിച്ചു തോറ്റവന്റെ ചിരി… അല്ല സ്നേഹിച്ചു തോല്പിച്ചവന്റെ ചിരി. പോകാൻ നേരം പതിഞ്ഞ സ്വരത്തിൽ ആരോ പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു..

“ഇനി ഒരു ബലിയർപ്പിക്കുവാൻ ഞാൻ വരുമോ ഇല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ..”

Joel Davis

JY Infopark
By JY Infopark December 9, 2019 23:55
Write a comment

1 Comment

  1. Seby December 10, 23:28

    👏🏼👏🏼👏🏼

    Reply to this comment
View comments

Write a comment

<